Friday, August 7, 2020

സംസ്കാരത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം



           ആഫ്രിക്കൻ ഭൂഘണ്ടത്തിൽ നിലനിന്നിരുന്ന ഇഖ്ബോ സാംസ്കാരിക വൈഭവത്തെ പിൻബലമാക്കികൊണ്ട്  അതിശയകരമായ  തന്മയത്വത്തോടുകൂടി പ്രശസ്ത എഴുത്തുകാരൻ ചിന്നുവാ അച്ചബെ എഴുതിയ കൃതി ആണ് " സർവവും ശിഥിലമാക്കുന്നു അഥവാ Things fall Apart എന്ന മാൻ ബുക്കർ പ്രൈസിന് അർഹമായ നോവൽ.  വെള്ളക്കാരന്റെ അദിനിവേശവും തുടർന്നുണ്ടാക്കുന്ന മാറ്റങ്ങളും ആണ് പുസ്തകത്തിന്റെ ഇതിവൃത്തം. പുസ്തകത്തിലെ മറ്റേതൊരു കഥാപാത്രത്തിനും നൽകിയ അതെ പ്രാധാന്യം  ആഫ്രിക്കൻ സംസ്കാരത്തിനും എഴുത്തുകാരൻ നൽകുന്നുണ്ട്.

             പുസ്തകത്തിന്റെ പേരിൽ നിന്നു തന്നെ വായനക്കാരന്  പരോക്ഷമായി നോവലിന്റെ ഉള്ളടകം സൂചകമാകുന്നുണ്ട്. എന്നാൽ നോവലിലെ പ്രധാന ഭാഗങ്ങളിൽ കണ്ണുകൾ ഉടക്കുന്നതിന്  മുൻപേ തന്നെ,ആഫ്രിക്കൻ സംസ്കാരത്തിന്റ  പച്ചയായ ചിത്രം എഴുത്തുകാരൻ  വരച്ചുകാട്ടുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിന്നു കൊണ്ട് തിരിഞ്ഞു നോക്കിയാൽ ഇത്ര കണ്ട് വിപുലവും എന്നാൽ എളുപ്പത്തിൽ  സംഗ്രഹിക്കാൻ പ്രയാസവുമായൊരു സാംസ്കാരിക പ്രത്യാശാസ്ത്രത്തിലാണോ ആ ജനത ജീവിച്ചു പോന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചുപോയേക്കാം. സംസ്കാരമെന്നത് അങ്ങനെയാണല്ലോ? നമ്മുടെത് പോലെയാകണം  മറ്റുള്ളവയും  എന്ന് വാശി പിടിക്കാനാവില്ലലോ. 

           കാലാകാലങ്ങളായി ശീലിച്ചുപോന്ന സംസ്കാരത്തെ ഒരു നിമിഷം കൊണ്ട് പിഴുത് എറിയുവാൻ നമുക്ക്  സാധിക്കില്ല. എന്നാൽ കൃത്യമായ ഇടപെടലോടുകൂടി  സൂക്ഷ്മമായ മാറ്റങ്ങൾ വരുത്തുവാൻ സാധ്യമാണെന്ന  ഉദ്ദാഹരണമായി ചരിത്രപരമായ  ഈ നോവൽ മാറിക്കഴിഞ്ഞു. നിഷിതമായ മാറ്റങ്ങൾ എന്നതിനപ്പുറം ബൗദ്ധികമായി  നെയ്തെടുത്ത മാറ്റങ്ങളായി ഇവയെ സമീപിക്കാം.

                     ഒരു പുസ്തകത്തെ പറ്റി എഴുതുമ്പോൾ അതിന്റെ കഥയോടു ഒരടി അകലം പാലിക്കണം എന്ന് പലപ്പോഴും തോന്നാറുണ്ട്. വായനക്കാരന് അദ്ദേഹത്തിന്റെ  വായനാനുഭവം തന്റെ അവകാശമാണെന്ന്  മാനിക്കുന്നെന്നത്  കൊണ്ടു തന്നെ കഥയെ പറ്റി ഞാൻ എഴുതുന്നില്ല. അത് നിങ്ങൾ വായിച്ചറിഞ്ഞോളൂ.

  ഈ പുസ്തകത്തിൽ എന്നെ അതിയായി ആകർഷിച്ചൊരു വസ്തുത അന്യമായികൊണ്ടിരിക്കുന്നൊരു സംസ്കാരത്തെതിനെ കുറിച്ച് ആഴത്തിൽ   അറിയാൻ സാധിച്ചെന്നുള്ളതാണ്.ആഫ്രിക്ക എന്ന ഭൂഘണ്ടത്തെ ഒരു വ്യക്തിയോടു സാമ്യപ്പെടുത്തിയാൽ, ( പ്രധാന കഥാപാത്രം )ആ വ്യക്തിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ~ അയാളുടെ ജനനം, തുടങ്ങി ജീവിച്ചു വന്ന കാലഘട്ടങ്ങളിൽ ഉടലെടുക്കുന്ന രീതി, ഒരു പക്ഷേ ഒരു ഗ്രീക്ക് ട്രാജിക് ഹീറോ കഥാപാത്രത്തിന് സമാനമായി പ്രകടമാകുന്ന ഉയർച്ചയും താഴ്ചയും, അത് പോലെ അവിസ്മരണിയമായ  ഒരു പ്രക്രിയായി  നോക്കി കാണാൻ സാധിക്കും. കാലമത്രയും അയാൾ  അടിയുറച്ചു വിശ്വസിച്ചുപോന്ന സംസ്കാരത്തിന്റെ വളർച്ചയുടെ ഗതി അത്യുന്നതമായ വായനാനുഭവം സമ്മാനിക്കുന്നു.കാത്തുപോന്ന  സംസ്കാരത്തിന്റെ ഊർന്നു പോയ വേരുകൾ അടറിത്തിയെറിയുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ദാരുണതകൾ തികച്ചും തന്മയത്വത്തോടു കൂടി  ഈ നോവൽ വ്യക്തമാക്കിത്തരുന്നു. വർഷങ്ങൾക്കിപ്പുറം ഇന്നും  ഇത്തരം പിഴുതുമാറ്റലുകൾ  ആവർത്തിക്കപ്പെടുന്നു എന്നത് നമ്മൾ മറന്നുകൊണ്ട് ഓർക്കുന്ന ഒന്നാണ്.

        മന്ത്രവാദത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ജനത. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന്റെ ജീവിതം സന്തോഷകരമായിരിക്കുമോ അതോ അത് നാശത്തിലേക്ക് ആണോ നീങ്ങുന്നതെന്നത് കുട്ടിയെ പ്രതിനിധാനം ചെയ്യുന്ന "ച്ചി" അഥവാ പരദേവതേയെ  ആശ്രയിച്ചിരിക്കും എന്ന് കരുതുന്ന മാതാപിതാക്കൾ. ഇനി അഥവാ ആ കുഞ്ഞുങ്ങൾ ദാരുണമായി മരണപ്പെട്ടു പോവുകയാണെങ്കിൽ അവയെ  തീർച്ചയായും പ്രേതലോകവുമായി ബന്ധിപ്പിക്കുന്ന എന്തോ ഒരു ഘടകം അവരിലുണ്ട് എന്ന വിശ്വാസവും,  ആ അദൃശ്യ  ബന്ധം മുറിച്ചു മാറ്റുന്നതിന് അവർ ശീലിച്ചു പോന്ന പ്രത്യേകതരം വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും,നമ്മളിൽ അതിശയം ഉണർത്തും. ജീവിതത്തിൽ ഏത് പ്രതിസന്ധിയുണ്ടായാലും അതിന് പ്രതിവിധി  നല്കാൻ അബ്ബാല എന്ന് പേരായ വെളിച്ചപ്പാടിന് ദൈവഹിതം അരുളാൻ സാധിക്കും എന്ന് കണടച്ചു വിശ്വസിക്കുന്ന ഒരു കൂട്ടം ജനങ്ങൾ .  

             കാച്ചിൽ ആണ് പ്രധാന ഭക്ഷണം. അവർ അത് കൃഷിചെയ്യുന്നതും വിളവെടുക്കുന്നതും  പോലും അവരുടെ പരദേവതകളെ പ്രിതിപ്പെടുത്തികൊണ്ടാണ്. പരദേവതയുടെ ക്ഷോഭംപൂണ്ടാൽ അവരുടെ കുലം തന്നെ നശിച്ചുപൊകും എന്നവർ ഭയന്നുപോന്നിരുന്നതിനാലാണത്. ആഴ്ചകളോളം നീണ്ടു നില്ക്കുന്ന കാച്ചിൽ ഉത്സവം, അതിനു മുന്നോടിയായി  ആചരിക്കുന്ന ശാന്തിമുഹൂർത്തവും അവിസ്മരണിയമായ ആചാരാനുഷ്ഠാനങ്ങൾ തന്നെയാണ്.

           ഇത്തരം സംസ്കാരങ്ങളിൽ ഒരു പെണ്ണിന്റെ പദവി എന്താണ് എന്ന് അറിയുവാൻ എനിക്ക് ആകാംക്ഷ തോന്നി. ഒരു പുരുഷനു എത്ര പേരെ വേണമെങ്കിലും ഭാര്യയാക്കാം. ഈ ഭാര്യമാർ അയാളുടെ കൂടെ എതിർപ്പ് ഒന്നും കൂടാതെ ജീവിച്ചു പോന്നു. ഭർത്താവിനെ പേരേടെത്തു വിളിക്കാം എന്നതലാതെ പ്രത്യേകിച്ചു അവർക്ക് എന്തെങ്കിലും സ്ഥാനമാനങ്ങൾ ഉള്ളതായി കണക്കാക്കിയിരുന്നില്ല.  ആദ്യ ഭാര്യക്ക് മറ്റു ഭാര്യമാരേക്കാൾ  മുൻതൂക്കം ലഭിക്കും എന്ന് മാത്രം. പല ചടങ്ങുകളിലും ഭാര്യമാർ ക്രമാനുസരേണയാണ്  പങ്കെടുക്കുന്നത്. ഭർത്താവ് തന്റെ ഭാര്യമാർ പ്രത്യകം പ്രത്യകം ഉണ്ടാക്കുന്ന ആഹാരം ഭക്ഷിക്കുകയും അവരോടൊപ്പും ശയിക്കുകയും ചെയ്യുന്നു. അവർ ഒരുമിച്ച് ഭർത്താവിനെ കൃഷിയിൽ സഹായിക്കുന്നു, തങ്ങളുടെ കുട്ടികളെ ഒരുമിച്ച് വളർത്തുന്നു. ഈ സ്ത്രീകളുടെ ഇടയിൽ എന്തെങ്കിലും പക്ഷഭേതപരമായ വഴക്കുകളൊന്നും തന്നെ കാണാനും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ അവർ അത്തരം കുടുംബ വ്യവ്സഥകളിൽ അടിയുറച്ചു ജീവിച്ചിരുന്നു എന്ന് വായനക്കാരന് മനസ്സിലാക്കാൻ സാധിക്കും. മനുഷ്യൻ പ്രത്യക്ഷപരമായി ഒരാളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തൽ.

           പ്രധാന കഥാപാത്രത്തിന്റെ രണ്ടാം ഭാര്യ തന്റെ സ്വന്തം ഇഷ്ടാനുസരണം മുൻ ഭർത്താവിനെ വേണ്ടന്നു വെയ്ക്കുകയും തുടർന്നു ഈ കഥാനായകനെ വിവാഹം കഴിക്കുകയുമാണ് ചെയ്യുന്നത്. തന്റെ തിരഞ്ഞെടുപ്പിൽ പൂർണ്ണമായ സ്വതന്ത്ര്യം അവർ ഉപയോഗിക്കുന്നുയെന്നത് എന്നെ അതിശയപ്പിച്ചു. സാധാരണ ഗതിയിൽ നിന്നും തികച്ചും വ്യത്യസ്തം! അവരുടെ വിപുലമായ വിവാഹ ആഘോഷങ്ങൾ അവരുടെ ഗോത്ര സംസ്കാരവുമായി ഇടകലർന്നിരിക്കുന്നു.

                      ഇത്തരം സംസ്കാര പശ്ചാത്തലത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിച്ചാൽ അത് എത്ര കണ്ട് പ്രക്ഷുബധമാകും എന്നത് വ്യക്തമാണ്. അവരുടെ സാംസ്‌കാരിക മൂല്യങ്ങൾ നമ്മളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്നാൽ അതിലെ തെറ്റും ശരിയും എന്താണ് എന്നത് വേർതിരിക്കാൻ വായനക്കാരന്  സാധിക്കുമോയെന്നനിക്കറിയില്ല. അവരിൽ പ്രകടമായ മാറ്റങ്ങൾ കൊണ്ടു വരുന്നതും അവരുടെ മണ്ണിൽ പുതിയ ഒരു സംസകാരം കാൽവെയ്പ്  നടത്തുന്നതും  ശരിയോ തെറ്റോ എന്നത് ചിന്തിപ്പിക്കുന്നൊരു വസ്തുതയാണ് .

         നോവലിൽ ബ്രിട്ടിഷ് സംസ്കാരം എങ്ങനെ അതിന്റെ വേരുകൾ ആഫ്രിക്കൻ മണ്ണിൽ ഊന്നിയതെന്നും എത്രത്തോളം കുടിലമായി  അവരുടെ മതത്തെയും ആചാരങ്ങളെയും അവിടെ പ്രതിഷ്ഠിച്ചതെന്നും എഴുത്തുകാരൻ കാണിച്ചു തരുന്നു. സ്വന്തം ആചാരങ്ങളെയും പരദേവങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി മനുഷ്യൻ തമ്മിലടിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യം അല്ലയെന്നും അത് മനുഷ്യരാശിയോളം നീണ്ടു നില്ക്കാൻ കെല്പുള്ള ഒരു ആചാരമാണെന്നും നോവൽ കാട്ടി തരുന്നു.

            കാലഘട്ടങ്ങൾ എത്ര താണ്ടി വന്നതായാലും മനുഷ്യന് അവന്റെ സംസ്കാരത്തെ ഒരിക്കലും തളളി പറയുവാൻ സാധിക്കില്ല. 21ാം നൂറ്റാണ്ടിൽ നാം ജീവിക്കുമ്പോഴും മേൽ പറഞ്ഞ കാര്യങ്ങൾ  തികച്ചും വസ്തുതാരമായ ഒരാശയമാണ്. അമ്പരചുംബികളായ സൗധങ്ങൾ നമ്മൾ കെട്ടിപ്പടുക്കുമ്പോഴും മറ്റൊരു ആചാരത്തെയോ സംസ്കാരത്തേയൊ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോഴും സംസ്കാരം എന്നത് അത്ര വേഗം പിഴുതെറിയാൻ പറ്റാത്ത ഒന്നാണെന്ന് വ്യക്തമാകുന്നത്  21ാം നൂറ്റാണ്ടിൽ ജീവിക്കുന്ന നാം 19-ാം നൂറ്റാണ്ടിൽ നടന്ന സംഭവത്തെ കുറിച്ചു ഇന്നും വായനയുടെ ഭാഗമാക്കുമ്പോഴാണ്.